പൊതുജനസുരക്ഷ മുൻനിർത്തി അനധികൃതമായി പടക്കം വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ കർശന നടപടികളുമായി കാൽഗറി സിറ്റി കൗൺസിൽ. ഫയർ ഓപ്പറേഷൻസ് ആൻഡ് ഫീസ് ഉപനിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ പ്രകാരം നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള പിഴത്തുക വൻതോതിൽ വർദ്ധിപ്പിച്ചു. അനുമതിയില്ലാതെ പടക്കം വിൽക്കുന്നവർക്കുള്ള പിഴ 750 ഡോളറിൽ നിന്ന് 3,000 കനേഡിയൻ ഡോളറായാണ് ഉയർത്തിയത്. അനുമതിപത്രമില്ലാതെ പടക്കം പൊട്ടിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴ 500 ഡോളറിൽ നിന്ന് 1,000 ഡോളറാക്കി ഉയർത്താനും കൗൺസിൽ തീരുമാനിച്ചു.
നിലവിലുണ്ടായിരുന്ന കുറഞ്ഞ പിഴത്തുക നിയമലംഘനങ്ങളെ തടയാൻ പര്യാപ്തമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അധികൃതരുടെ ഈ പുതിയ തീരുമാനം. പുതിയ നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ പടക്കം കൈവശം വെക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും 1,000 കനേഡിയൻ ഡോളർ പിഴയീടാക്കുന്ന പുതിയ കുറ്റകൃത്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കുകളിലും റോഡുകളിലും മറ്റും പടക്കം പൊട്ടിക്കാൻ തയ്യാറെടുക്കുന്ന ഘട്ടത്തിൽ തന്നെ നിയമപാലകർക്ക് ഇടപെടാനും അനാവശ്യ അപകടങ്ങൾ ഒഴിവാക്കാനും ഈ വ്യവസ്ഥ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരമ്പരാഗതമായ ആഘോഷങ്ങളെയും സാംസ്കാരിക പരിപാടികളെയും സുരക്ഷിതമായി പിന്തുണയ്ക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് കാൽഗറി ഫയർ മാർഷൽ ഗ്ലെൻ ബാക്സ്റ്റർ പ്രതികരിച്ചു. സ്റ്റാമ്പീഡ്, പുതുവത്സരാഘോഷങ്ങൾ തുടങ്ങിയ വിശേഷവസരങ്ങളിൽ സുരക്ഷിതമായി പടക്കം ഉപയോഗിക്കുന്നതിനായി കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റും പോലീസും സംയുക്തമായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിയമാനുസൃതമായ ആഘോഷങ്ങൾക്ക് പെർമിറ്റുകളും ആവശ്യമായ മറ്റ് സഹായങ്ങളും സിറ്റി കൗൺസിൽ ഉറപ്പുനൽകുന്നുണ്ട്